സ്ഥാപന ചരിത്രം
മറയൂർ എന്നാൽ മറഞ്ഞിരിക്കുന്ന ഊർ എന്നർത്ഥം. മറവരുടെ ഊര് ആണ് മറയൂർ ആയി മാറിയത് എന്നതാണ് കൂടുതൽ ശരി എന്നതാണ് പണ്ഡിതമതം. ചേര, ചോള, പാണ്ഡ്യരാജാക്കന്മാരുടെ സേനയിലെ മറവർ എന്ന ഗോത്രവിഭാഗത്തിൽപ്പെട്ടവർ കാടുകളിൽ മറഞ്ഞിരിക്കുകയും വഴിയാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുമായിരുന്നത്രേ. അതിനാൽ മറവരുടെ ഊര് അല്ലെങ്കിൽ അവർ മറഞ്ഞിരുന്ന ഊര് എന്ന അർഥത്തിലാവാം മറയൂർ എന്ന പേരുണ്ടായത് എന്നാണു വ്യഖ്യാനം. മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇടമാണു മറയൂർ. മലയുടെ ഊര് എന്ന പ്രയോഗം കാലക്രമത്തിൽ മറയൂർ എന്നും മറഞ്ഞുകിടക്കുന്ന ഊര് എന്നയർഥത്തിൽ മറയൂർ എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയാറുണ്ട്.വനവാസകാലത്ത് പാണ്ഡവർ ഇവിടെയുമെത്തി എന്ന ഐതിഹ്യം നിലനില്‌ക്കുന്നുണ്ട്. പാണ്ഡവർ മറഞ്ഞിരുന്ന ഊർ എന്ന അർഥവും പറയാനാവും.
10000 BC ക്കുമുമ്പുള്ള മഹാശിലായുഗകാലത്ത് ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നതിനു തെളിവാണ് മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും . മുതുവാന്മാർ മലയുടെ ചെരുവുകളിലും മറ്റും പാർക്കുന്നുണ്ടെങ്കിലും അഞ്ചുനാട്ടുകാരായ ഗ്രാമക്കാരാണ് മുമ്പെയുള്ള താമസക്കാർ. അഞ്ചുനാടിന്റെ പൂർവ്വികർ പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന് കൊടൈക്കാടുകൾ കയറി. അവർ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. പല ജാതികളിൽപ്പെട്ട അവരുടെ കൂട്ടത്തിൽ തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു. അഞ്ചുനാട്ടുപാറയിൽ ഒത്തുചേർന്ന അവർ പാലിൽതൊട്ട് സത്യം ചെയ്‌ത് ഒറ്റ ജാതിയായി. അവർ അഞ്ച് ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി എന്നിവയാണ് ഈ അഞ്ചുനാടുകൾ. അതുകൊണ്ടുതന്നെ അഞ്ചുനാട് എന്നും മറയൂരിനു പേരുണ്ട്. അവർക്ക് അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളുമുണ്ട്.
ഭൂമിശാസ്ത്രം
നാലുവശവും മലകൾ ഉയർന്നു നിൽക്കുന്ന മറയൂർതടം . അങ്ങു ദൂരെ കാന്തല്ലൂർ മലയുടെ താഴ്‌വാരം വരെ നീണ്ടു പോകുന്ന വയലുകൾ. കാന്തല്ലൂർ മലയുടെ നെറുകയിൽ അഞ്ചുനാടിന്റെ കാന്തല്ലൂർ ഗ്രാമം. പിന്നെ താഴേക്കു ചെരിഞ്ഞ് കീഴാന്തൂർ ഗ്രാമവും കാരയൂർ ഗ്രാമവും. കൊട്ടകുടി ഗ്രാമം കാന്തല്ലൂർ മലയ്‌ക്കപ്പുറമാണ്. അവർക്ക് അവരുടേതായ ദൈവങ്ങളും ആഘോഷങ്ങളുമുണ്ട്. തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും അടക്കം ധാരാളം അമ്പലങ്ങൾ ഇവിടെ കാണപ്പെടുന്നു.
മുനിയറകൾ
മഹാശിലായുഗസംസ്ക്കാരത്തിന്റെ ബാക്കിപത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുനിയറകളാണ് മറയൂരിന്റെ മറ്റൊരു പ്രത്യേകത. ഇത് അക്കാലത്തുള്ളവരെ മറവുചെയ്‌ത ശവക്കല്ലറകളാണെന്നും മുനിമാർ തപസ്സുചെയ്‌തിരുന്നിടമാണെന്നും പറയപ്പെടുന്നു. ഒരാൾക്ക് നില്‌ക്കുകയും കിടക്കുകയും ചെയ്യാവുന്ന ഉയരവും നീളവുമുണ്ട് ഓരോ മുനിയറക്കും. പലതും പൊട്ടിയും അടർന്നും വീണു തുടങ്ങി. മറയൂർ കോളനി കഴിഞ്ഞ് ഹൈസ്‌കൂളിനരുകിലെ പാറയിൽ ധാരാളം മുനിയറകളുണ്ട്.
ഇവിടുത്തെ ഹൈസ്‌ക്കൂളിനു പുറകിലെ പാറയുടെ നെറുകയിൽനിന്നും മലയുടെ ചെരിവുകളിൽനിന്നും നോക്കിയാൽ പാമ്പാറൊഴുകുന്നതു കാണാം. കൂടാതെ കോവിൽ കടവും തെങ്കാശിനാഥൻ കോവിലും കാണാം. നാച്ചിവയലിലെ കരിമ്പുകാടുകളും, ചന്ദനമരങ്ങളും, ഇവിടുത്തെ ആകർഷണങ്ങളാണ്. പണ്ട് പാണ്‌ഡവരുടെ തേരുരുണ്ട് ഇവിടുത്തെ ഒരു ഒരു മുനിയറയുടെ മുകളിലെ കല്‌പാളികളിൽ രണ്ടു വരകളുണ്ടായി എന്ന് പറയപ്പെടുന്നു.
തെങ്കാശിനാഥൻ ക്ഷേത്രം
പാണ്ഡവർ വനവാസക്കാലത്ത് മറയൂരിൽ എത്തിയിരുന്നു എന്നും അവർ ഒറ്റക്കല്ലിൽ പണിതതാണ് ഈ ക്ഷേത്രം എന്നും പറയുന്നു. കോവിൽക്കടവിൽ പാമ്പാറിന്റെ തീരത്താണ് ക്ഷേത്രം. അവിടെ ഒരു ഗുഹാമുഖമുണ്ട്. പ്രാചീനലിപികളിൽ എന്തൊക്കെയോ കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്. അതുവായിക്കാനായാൽ ഗുഹാമുഖം തുറക്കുമത്രേ. ഗൂഹ അവസാനിക്കുന്നത് മുരുകന്റെ പഴനിമലയിലാണുപോലും. ഏതായാലും അടുത്തകാലത്തൊന്നും ആ ശിലാലിഖിതങ്ങൾ ആർക്കും വായിക്കാനായിട്ടില്ല..
ചന്ദന വനം
കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തവും സംരക്ഷിതവുമായ ചന്ദന വനമാണ് മറയൂർ. ഏകദേശം 65,000-ത്തോളം സ്വാഭാവിക ചന്ദനമരങ്ങൾ ഇവിടെയുണ്ട്. ഉയർന്ന ഗുണമേന്മയുള്ള ചന്ദനത്തിന് പേരുകേട്ട ഈ വനമേഖല പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
പ്രധാന പ്രത്യേകതകൾ:
സ്വാഭാവിക വളർച്ച: മനുഷ്യന്റെ ഇടപെടലുകൾ ഇല്ലാതെ പ്രകൃതിദത്തമായി വളരുന്ന അപൂർവ്വയിനം ചന്ദനക്കാടുകളാണിവ. ലോകത്തിൽ തന്നെ ഏറ്റവും മികച്ചയിനം ചന്ദനമാണ് ഇവിടെയുള്ളത്.
സംരക്ഷണം: വനം വകുപ്പിന്റെ കർശനമായ നിരീക്ഷണവും സംരക്ഷണവും ഈ കാടുകൾക്ക് ലഭിക്കുന്നുണ്ട്. കള്ളക്കടത്തുകാരിൽ നിന്നും കാട്ടുതീയിൽ നിന്നും സംരക്ഷിക്കുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ചരിത്രപരമായ പ്രാധാന്യം: ചന്ദനമരങ്ങൾക്ക് പുറമെ, ചരിത്രപരമായ പ്രാധാന്യമുള്ള 'മുനിയറകൾ' (Stone Coffins/Dolmens) മറയൂർ വനമേഖലയുടെ മറ്റൊരു പ്രധാന സവിശേഷതയാണ്.
ഗവേഷണ കേന്ദ്രം: ചന്ദനത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി വനം വകുപ്പിന്റെ ഒരു 'ചന്ദനം പുനരുജ്ജീവിപ്പിക്കൽ പരീക്ഷണാത്മക പ്ലോട്ടും' (Sandalwood regeneration experimental plot) ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
മൂന്നാറിൽ നിന്നും ഏകദേശം 40 കിലോമീറ്റർ അകലെയാണ് മറയൂർ സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗിയും ചരിത്രവും ഇടകലർന്ന ഈ പ്രദേശം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ്.
മറയൂർ ചന്ദന ഡിവിഷനു കീഴിൽ ചന്ദന കൃഷിയും തൈകളുടെ വിതരണവും നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാനും യാത്ര പ്ലാൻ ചെയ്യാനും കേരള ടൂറിസം വെബ്സൈറ്റ് സന്ദർശിക്കാം
മറയൂർ ശർക്കര
ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിൽ പരമ്പരാഗത രീതിയിൽ ഉത്പാദിപ്പിക്കുന്ന പ്രശസ്തമായ കാർഷിക ഉൽപ്പന്നമാണ് മറയൂർ ശർക്കര. രാസവസ്തുക്കളുടെ ഉപയോഗമില്ലാതെ, കരിമ്പ് നീര് പ്രത്യേക രീതിയിൽ കാച്ചി കുറുക്കിയെടുക്കുന്ന ഈ ശർക്കര അതിന്റെ തനത് രുചിക്കും ഗുണനിലവാരത്തിനും പേരുകേട്ടതാണ്.
പ്രധാന സവിശേഷതകൾ
ഭൗമസൂചിക പദവി (GI Tag): ഔഷധഗുണവും മികച്ച രുചിയുമുള്ള മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട്.
നിർമ്മാണം: കരിമ്പ് പിഴിഞ്ഞ് നീരെടുക്കുന്നത് മുതൽ ശർക്കര രൂപപ്പെടുന്നതുവരെ നാലര മണിക്കൂറോളം നീളുന്ന പ്രക്രിയയാണ്. യാതൊരുവിധ കൃത്രിമ ചേരുവകളും ഇതിൽ ഉപയോഗിക്കാറില്ല.
പ്രത്യേകത: മറയൂരിലെ തണുത്ത കാലാവസ്ഥയും പ്രകൃതിദത്തമായ കരിമ്പ് കൃഷിയും ഇതിന് പ്രത്യേക മധുരവും ഇരുണ്ട തവിട്ടുനിറവും നൽകുന്നു
കാലാവസ്ഥ
മൂന്നാറിന് സമാനമായ തണുപ്പ് മറയൂരുമുണ്ട്. എന്നാൽ മഴ വളരെ കുറവാണ്. അത് പുതച്ചിക്കനാൽ വഴി തടത്തെ നനക്കുന്നു. പെയ്യുന്നത് അധികവും നൂർമഴയാണ്. വർഷത്തിൽ 50 സെമി താഴെയാണ് മഴ ലഭിക്കുന്നത്. കേരളത്തിൽ ഇടവപ്പാതി തകർത്തുപെയ്യുമ്പോൾ മറയൂരിൽ കാറ്റാണ്. ആളെപ്പോലും പറത്തിക്കളയുന്നകാറ്റ്. മലമുകളിൽ മഴപെയ്യും. തുലാമഴയാണ് കൂടുതൽ. നാലു വശവുമുള്ള മലകൾ മഴയെ തടഞ്ഞു നിർത്തും. അതുകൊണ്ട് എപ്പോഴും താഴ്‌വര മഴ നിഴലിലാഴ്‌ന്നു കിടക്കും. പിന്നെ മഞ്ഞാണ്. ഈ സവിശേഷ കാലാവസ്ഥകൊണ്ടാവാം ചന്ദനം വളരാനും കാരണം.
ജനവിഭാഗങ്ങൾ
തമിഴരും മലയാളികളും ഇടകലർന്നു ജീവിക്കുന്നു. മലമുകളിൽ ആദിവാസിവിഭാഗത്തിൽപ്പെട്ട മുതുവാൻമാർ താമസിക്കുന്നുണ്ട്. തമിഴരിൽ അധികവും കണ്ണൻ ദേവൻ തോട്ടത്തിൽ നി്‌ന്ന് പിരിഞ്ഞശേഷം മറയൂരിൽ താമസമാക്കിയവരാണ്. കച്ചവടവും കാലിനോട്ടവുമൊക്കെയായി പലതരത്തിൽ വന്നവരുമുണ്ട്. മലയാളികളിൽ അധികവും നഗർ കിട്ടിവന്നവരാണ്. ജോലികിട്ടി വന്നവരും കുടിയേറി വന്നവരുമുണ്ട്. പട്ടം താണുപിള്ള ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിൽ നഗർ അനുവദിച്ചപ്പോൾ അതിലൊന്ന് മറയൂരായിരുന്നു. അന്നു അഞ്ചേക്കർ നഗർ കിട്ടിയ പലരും അതുപേക്ഷിച്ചുപോയി. കാലാവസ്ഥയുമായി മല്ലിടാൻ വയ്യാതെയും ഉള്ളിയും ഉരുളക്കിഴങ്ങും മാത്രമേ വിളയൂ എന്ന ധാരണയിലുമായിരുന്നു.
കൃഷി
മുൻകാലങ്ങളിൽ മറയൂരിലെ പ്രധാനകൃഷി നെല്ലായിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രധാനകൃഷി കരിമ്പാണ്. ശർക്കര ഉണ്ടാക്കുന്നതിനുവേണ്ടിയാണ് ഇവിടെ കരിമ്പുകൃഷിചെയ്യുന്നത്. ഗുണനിലവാരത്തിന് പേരുകേട്ടതാണ് മറയൂർ ശർക്കര. നിറം കൂടുതലായതുകൊണ്ട് ഹൽവയുണ്ടാക്കാൻ മറയൂർ ശർക്കരയ്‌ക്കാണ് കൂടുതൽ പ്രിയം. ഒരിക്കൽ കരിമ്പുനട്ടാൽ നാലഞ്ചുവർഷത്തേക്ക് വേറെ ചെടി നടേണ്ട. കരിമ്പുവെട്ടിക്കഴിഞ്ഞാൽ വയലിൽ തീയിടുകയാണ് ചെയ്യുന്നത്. പിന്നെ ഒരാഴ്‌ചയോളം വെള്ളം കെട്ടിനിർത്തും. കത്തിയ കരിമ്പിൻ കുറ്റികൾ തളിർക്കാൻ തുടങ്ങും.
ഇന്ന് തെങ്ങ് വ്യാപകമായിക്കഴിഞ്ഞു.
അഞ്ചുനാടുകളിൽ മാത്രമുള്ള കൃഷിരീതിയാണ് പൊടിവിത. പണ്ട് പണ്ട് രണ്ടയൽക്കാർ തമ്മിൽ പിണക്കമായിരുന്നു. ഒന്നാമൻ തന്റെ വയലിൽ വിത്തുവിതച്ചു. വിത്തുമുളച്ചുവരുന്നതു കണ്ടപ്പോൾ അയൽക്കാരന് സഹിച്ചില്ല. അയാൾ തന്റെ കാളയെ വെച്ച് മുളച്ചുവന്ന നെല്ലുമുഴുവൻ ഉഴുതുമറിച്ചിട്ടു. ഒന്നാമൻ പരാതിയുമായി നാട്ടുകൂട്ടത്തെ സമീപിച്ചു. നാട്ടുകൂട്ടം സത്യമറിയാൻ വന്നപ്പോൾ കണ്ടത് ഉഴുതുമറിച്ചിട്ട വയലിൽ നെല്ല് തഴച്ചു വളരുന്നതാണ്. അന്നുതുടങ്ങിയതാണിവിടെ പൊടിവിത.
വിനോദ സഞ്ചാരകേന്ദ്രങ്ങൾ
അഞ്ച് നാട് എന്ന ചരിത്ര പരമായി പ്രാധാന്യമുള്ള ഒരു സ്ഥ്ലലം ഇവിടെ സ്ഥിതി ചെയ്യുന്നു. വളരെ പുരാതന രീതിയിലെ ആഘോഷങ്ങളും ആചാരങ്ങളും ഇവിടെ കാണാം. ഇവിടെക്ക് റോഡുമാർഗ്ഗം എത്തിച്ചേരാവുന്നതാണ്.
തൂവാനം വെള്ളച്ചാട്ടം - മറയൂരിലെ ഒരു പ്രധാന ആകർഷണമാണ്
രാജീവ്ഗാന്ധി ദേശീയപാർക്ക് - മറയൂരിന് സമീപത്തുള്ള ഈ പാർക്ക് ഇവിടുത്ത് പ്രധാന ആകർഷണമാണ്.